Thursday, November 20, 2008

സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ.കെ.എം. സഅദി

മുസ്വഫ : സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മറിച്ച്‌ പ്രമാണങ്ങളില്‍ നിന്ന് വിചാരം കൈവെരേണ്ടവരാണു മുസ്ലിംങ്ങള്‍ എന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദി പ്രസ്താവിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന തീവ്രവാദ വിരുദ്ധ കാമ്പയിന്റെ ഭാഗമായി മുസ്വഫ ശഅബിയ പത്തിലെ പള്ളിയില്‍ നടന്ന തീവ്രവാദ വിരുദ്ധ സംഗമത്തില്‍ 'തീവ്രവാദം, ഭീകരത, ജിഹാദ്‌ ' എന്ന വിഷയത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.

ഇസ്ലാം വിഭാവനം ചെയ്യുന്നത്‌ സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച്‌ ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്‌. മസ്‌ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട്‌ പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്‌. അടക്കമുള്ള സംഘടനകള്‍ ഉറങ്ങിക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ.കെ.എം. പറഞ്ഞു. ജിഹാദ്‌ എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത്‌ വിശുദ്ധ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ്‌ വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച്‌ വെക്കുന്നു. സഅദി കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഒ.ഹൈദര്‍ മുസ്‌ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന:സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി, അബ്‌ദുല്ലകുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി.സി.ഡി കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

1 comment:

prachaarakan said...

സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മറിച്ച്‌ പ്രമാണങ്ങളില്‍ നിന്ന് വിചാരം കൈവെരേണ്ടവരാണു മുസ്ലിംങ്ങള്‍