Wednesday, July 15, 2009

സ്വലാത്തുന്നാരിയ വാർഷികം; ഖലീൽ തങ്ങൾ സംബന്ധിക്കും

17-07-2009 വെള്ളിയാഴ്ച -മുസ്വഫ സനാഇയ്യ യിൽ


കഴിഞ്ഞ മൂന്ന്‌ വർഷമായി എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫ എസ്‌.വൈ.എസ്‌ നടത്തിവരുന്ന ആത്മീയ വേദിയായ സ്വലാത്തുന്നാരിയ മജ്ലിസിൽ കേരളത്തിലേയും, ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലേയും യു.എ.ഇ യിലേയും മറ്റ്‌ അറബ്‌ നാടുകളിലേയും സാദാത്തീങ്ങളുടെയും ,പണ്ഡിതന്മാരുടെയും, സംഘടനാ സാരഥികളുടെയും സാന്നിദ്ധ്യവും പ്രാർത്ഥനയും ഉത്ബോധനവും എന്നും സജീവമാണ്‌. ഭൗതികമായി മനുഷ്യൻ എത്ര ഉന്നതിയിലെത്തിയാലും യഥാർത്ഥ ശാന്തിയും, സമാധാനവും സമ്പാദ്യവും ഇത്തരം ആത്മീയ വേദികളാണെന്ന്‌ തിരിച്ചറിഞ്ഞ ഉന്നത വ്യക്തിത്വങ്ങൾ സാധാരണക്കാരായ പ്രവാസികൾക്കൊപ്പമിരുന്ന്‌ സ്വലാത്തിന്റെ മാധുര്യം അനുഭവിക്കുന്ന കാഴ്ചകൾ കണ്ണിനും കരളിനും കുളിർമ്മയേകുന്നതാണ്‌.

മൂന്ന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌, റജബ്‌ മാസത്തിൽ അജ്മീർ ഖ്വാജാ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച്‌ സയ്യിദ ഖലീൽ ബുഖാരി തങ്ങളുടെ ഇജാസത്തോടെ തുടക്കം കുറിച്ച മഹനീയ വേദിയിൽ, വിവിധ മതസ്തരും ഭാഷാ ദേശക്കാരുമായ സഹോദരീ സഹോദരന്മാർ സ്വലാത്ത് മജ്ലിസിലെ ‘ഗരീബ്‌ നവാസ്‌’ ഫണ്ടിലേക്ക്‌ നൽകുന്ന ചെറുതും വലുതുമായ സംഭാവനകൾ, കേരളത്തിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും, മറ്റ്‌ രാജ്യങ്ങളിലേയും അർഹരായവർക്ക്‌, മാരകമായ രോഗ ചികിത്സക്കും, പെൺമക്കളുടെ വിവാഹ ആവശ്യത്തിലേക്കും , വീട്‌ നിർമ്മാണത്തിനുമായി ഇതിനകം പതിമൂന്ന്‌ ലക്ഷത്തോളം ഇന്ത്യൻ രൂപ റിലീഫായി വിതരണം ചെയ്തിട്ടുണ്ട്‌.

മുസ്വഫയിൽ വെള്ളിയാഴ്ച ‌ നടക്കുന്ന സ്വലാത്ത്‌ മജ്ലിസ്‌ വാർഷിക സംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌, മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച ഉംറ സിയാറത്ത്‌ സംഘം അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മദീനയിലും , കാസർഗോഡ്‌ മുഹിമ്മാത്തിലും സംഘടിപ്പിക്കുന്ന സ്വലാത്ത്‌ മജ്ലിസുകളടക്കം. വിവിധ രാജ്യങ്ങളിലായി 44 സ്വലാത്ത്‌ മജ്ലിസുകൾ സംഘടിപ്പിച്ചിരിക്കുന്നു.

മുസ്വഫയിൽ നിന്നും സയ്യിദ്‌ ഖലീൽ തങ്ങളുടെ ഉത്ബോധനവും ദുആയും തത്സമയം കേരള മലബാർ ഇസ്ലാമിക്‌ ക്ലാസ്‌ റൂം വഴി ഇന്റർനെറ്റിലൂടെ ലോകത്തെമ്പാടുമുള്ളവർക്കായി ബ്രോഡ്കാസ്റ്റ്‌ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ www.sunnionlineclass.org സന്ദർശിക്കുക

മുസ്വഫ എസ്‌.വൈ.എസ്‌. വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമിയും ജന.സെക്രട്ടറി അബ്ദുൽ ഹമീദ്‌ സഅദിയും സ്വലാത്ത്‌ മജ്ലിസിന്റെ നേതൃത്വം നിർവ്വഹിക്കുന്നു. കഴിഞ്ഞ രണ്ട്‌ വാർഷികങ്ങൾക്കും സയ്യിദ്‌ ഖലീൽ തങ്ങളുടെ മഹനീയ സാന്നിദ്ധ്യവും പ്രാർത്ഥനയും ഈ വേദിയെ കൂടുതൽ മഹത്തരമാക്കി. മൂന്നാം വാർഷികത്തിലും ഖലീൽ തങ്ങളുടെ ഉത്ബോധനം ശ്രവിക്കാനും പ്രാർത്ഥനയിൽ പങ്ക്‌ കൊള്ളാനും തുടിക്കുന്ന ഹൃദയവുമായി ആയിരക്കണക്കിനു സ്വലാത്തുകൾ ചൊല്ലി പരിശുദ്ധ റൗളാശരീഫിലേക്ക്‌ സമർപ്പിക്കാൻ അത്യാഹ്ലാദത്തോടെ വിശ്വാസികൾ ഇന്ന്‌ മുസ്വഫയിൽ സംഗമിക്കുകയാണ്‌. താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഈ മഹത്തായ വേദിയിലേക്ക്‌ സാദരം ക്ഷണിക്കുന്നു.

No comments: